Kerala
തിരുവനന്തപുരം: എക്സൈസ് വകുപ്പിലെ അഴിമതിക്കും വീഴ്ചകൾക്കും എതിരെ കടുത്ത നിലപാടുമായി മന്ത്രി എം.ലിജു. ചില ഉദ്യോഗസ്ഥർ പാരിതോഷികം വാങ്ങുന്നതും ബാറുടമകളിൽ നിന്ന് മദ്യം വാങ്ങുന്നുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇത് വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. പല ഉന്നത ഉദ്യോഗസ്ഥരെയും സംബന്ധിച്ച രഹസ്യ റിപ്പോർട്ടുകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സൈസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ വിമർശനം. എക്സൈസ് ഉദ്യോഗസ്ഥർ പെട്ടിക്കണക്കിന് മദ്യം ബാറുടമകളിൽ നിന്ന് ആവശ്യപ്പെടുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രവണതകൾ വകുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. സർക്കാർ ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ അഞ്ചിന് ചില ബാറുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. അത് ഉദ്യോഗസ്ഥർ കാണുന്നില്ലേയെന്നും മന്ത്രി ചോദിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തി കർശന നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ പാരിതോഷികം വാങ്ങുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നതെങ്കിൽ അത് ഗൗരവമായ വീഴ്ചയാണെന്നും അദ്ദേഹം വിമർശിച്ചു.
Kerala
കോട്ടയം: കോട്ടയം ചങ്ങനാശേരി ഫാത്തിമാപുരം ജംഗ്ഷന് സമീപം റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. ലഹരിക്കെതിരായ 'ഓപ്പറേഷൻ തണ്ടർ' പരിശോധനകളുടെ ഭാഗമായി കോട്ടയം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
എക്സൈസ് ഇന്റലിജൻസ് ഓഫീസർ ഉണ്ണികൃഷ്ണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി എക്സൈസ് ഉദ്യോഗസ്ഥരും, ഇന്റലിജൻസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഫാത്തിമാപുരം ജംഗ്ഷനിൽ പരിശോധന നടത്തിയത്.
32 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് റോഡരികിൽ നിന്ന് കണ്ടെത്തിയത്. പ്രദേശത്ത് മുൻപെങ്ങും ഇത്തരത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആദർശ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുഭാഷ്, ബിനോയ്, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരായ സന്തോഷ്, ഗോപൻ, വിശാഖ്, നിത്യ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സംഭവത്തിന് പിന്നിൽ ലഹരിമാഫിയ സംഘങ്ങൾക്ക് പങ്കുണ്ടോയെന്ന കാര്യവും എക്സൈസ് അന്വേഷിച്ചുവരികയാണ്.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നാളുകളിലും ബാർ ലൈസൻസുകൾ വാരിക്കോരി നൽകിയതായി രേഖകൾ. അവസാന 72 ദിവസം മാത്രം 22 മദ്യശാലകൾക്കാണ് അന്നത്തെ എക്സൈസ് വകുപ്പ് അനുമതി നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാർച്ച് 15നു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 10 മദ്യശാലകളുടെ ലൈസൻസാണ് കൂട്ടത്തോടെ വിതരണം ചെയ്തതെന്നു രേഖകൾ വ്യക്തമാക്കുന്നു.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 21 ബാറുകൾക്കും ഒരു ബിയർ- വൈൻ പാർലറിനുമാണ് ലൈസൻസ് നൽകിയത്. ആലപ്പുഴ. കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിലായാണു തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് പുതിയ മദ്യവിൽപന ശാലകൾ എത്തിയത്.
മാർച്ച് അഞ്ചു മുതൽ 15 വരെയുള്ള തീയതികളിലായിരുന്നു ഇതിൽ ഭൂരിഭാഗം ബാറുകളുടെയും ലൈസൻസ് വിതരണം ചെയ്തത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്ന് മൂന്നു മദ്യശാലകളുടെ ലൈസൻസ് വിതരണം നടത്തുന്നതു നിർത്തിവച്ചിരുന്നു. ജനുവരിയിൽ ഒൻപത് ബാർ ലൈസൻസുകളും ഫെബ്രുവരിയിൽ മൂന്നു ബാറുകളുടെ ലൈസൻസുകളുമാണ് വിതരണം നടത്തിയതായാണ് രേഖകൾ.
സംസ്ഥാനത്താകെ ഇപ്പോൾ 903 ബാറുകളാണ് നിലവിലുള്ളത്. കൂടാതെ 222 ബിയർ- വൈൻ പാർലറുകളുമുണ്ട്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്പോൾ സംസ്ഥാനത്ത് പഞ്ചനക്ഷത്ര പദവിക്കു മുകളിലുള്ള 29 ബാറുകൾ മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. നിലവാരമില്ലാത്ത ബാറുകൾ അടച്ചുപൂട്ടാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചതിനു പിന്നാലെ കോണ്ഗ്രസിലുണ്ടായ തർക്കങ്ങളാണ് പഞ്ചനക്ഷത്ര പദവിക്കു താഴെയുള്ള ബാറുകളുടെ അടച്ചുപൂട്ടലിൽ കലാശിച്ചത്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ബാറുകൾ നിലവിലുള്ളത്-211 എണ്ണം. തൃശൂരിൽ 116 ബാറുകളുണ്ട്. കാസർഗോഡ് ജില്ലയിലാണ് കുറവ് ബാറുകളുള്ളത്-11 എണ്ണം മാത്രം. 512 ത്രീസ്റ്റാറും 308 ഫോർ സ്റ്റാറും 57 ഫൈവ് സ്റ്റാറും 26 ഹെറിറ്റേജ് ഹോട്ടലുകളുമുണ്ട്. യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം വരാൻ ഇരിക്കുന്നതേയുള്ളൂ.
മദ്യശാലകളുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കുന്നത് അടക്കമുള്ള നിർദേശമുണ്ടാകുമോ എന്നത് കാത്തിരുന്നു കാണേണ്ടിവരും.
Kerala
കൊച്ചി: ലഹരി കേസില് സാക്ഷിയായ യുവതിയുടെ ദൃശ്യങ്ങള് മാധ്യമങ്ങളിലും സോഷ്യല് മീഡിയയിലും പ്രചരിച്ചതില് എക്സൈസിനെതിരെ പരാതി. ജൂണ് അഞ്ചിന് നടന്ന എക്സൈസിന്റെ ലഹരി പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന വീഡിയോയിലാണ് സാക്ഷിയായ യുവതിയുടെ ദൃശ്യവും വന്നത്.
ഇതിനെ തുടര്ന്ന് കടുത്ത സമ്മര്ദത്തിലായ യുവതി സിറ്റി പോലീസ് കമ്മിഷണര്ക്ക് പരാതി നല്കുകയായിരുന്നു. ലഹരിക്കെതിരെയുള്ള എക്സൈസിന്റെ ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇടപ്പള്ളിയിലെ സ്റ്റുഡിയോ അപ്പാർട്ട്മെന്റില് നിന്നും ഒരു യുവതി ഉള്പ്പെടെ മൂന്നു പേര് അറസ്റ്റിലായത്.
110 ഗ്രാം എംഡിഎംഎയും ലഹരി വിറ്റു കിട്ടിയ പണവും ഇവരില് നിന്നും പിടികൂടിയിരുന്നു. മാധ്യമങ്ങള്ക്ക് നല്കാനായി എക്സൈസ് പകര്ത്തിയ വീഡിയോയില് സാക്ഷിയായ ഹോട്ടല് മാനേജറായ യുവതിയും ഉള്പ്പെട്ടിരുന്നു. യുവതി സാക്ഷിയായ ഒപ്പിടുന്ന ദൃശ്യമാണ് ഇതിലുള്ളത്.
യുവതി പരാതി നല്കിയതായി സിറ്റി പോലീസ് കമ്മിഷണര് കാളിരാജ് മഹേഷ്കുമാര് വ്യക്തമാക്കി. അത് തെറ്റായി പോയിട്ടുള്ള വിഷ്വല് ആണെന്നും ആ വീഡിയോ എവിടെയെങ്കിലും ഉണ്ടെങ്കില് മാറ്റാന് പറഞ്ഞിട്ടുണ്ടെന്നും കാളിരാജ് മഹേഷ്കുമാര് പ്രതികരിച്ചു.
Kerala
സുല്ത്താന് ബത്തേരി: മുത്തങ്ങയില് ലോറിയില് പഞ്ചസാര ലോഡിന് മറവില് കടത്തുകയായിരുന്ന 481.74 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊള്ളാച്ചി സ്വദേശി കാളിമുത്തുകുമാറിനെ(41) അറസ്റ്റുചെയ്തു.
മുത്തങ്ങയില് എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. ഇന്സ്പെക്ടര് എസ്. മഹേഷ്, പ്രിവന്റീവ് ഓഫീസര്മാരായ എ.സി. പ്രജീഷ്, എ.എം. ബിനുമോന്, സിവില് എക്സൈസ് ഓഫീസര് പി.പി. ജിതിന്, കെ.സി. അരുണ് എന്നിവരടങ്ങുന്ന സംഘമാണ് വാഹനപരിശോധന നടത്തിയത്.
Kerala
തിരുവനന്തപുരം: 20 കോടിയുടെ ഹാഷിഷ് ഓയില് പിടികൂടിയ കേസിലെ പ്രതിക്ക് 26 വര്ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അന്തര്ദേശിയ മയക്കുമരുന്നു സംഘവുമായി ബന്ധമുള്ള കോട്ടയം സ്വദേശി ജികെ എന്ന ജോര്ജുകുട്ടി(40) യെ ആണു ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡിഷണല് സെഷന്സ് കോടതിയുടേതാണ് ഉത്തരവ്.
ഇരുപതു കിലോ ഹാഷിഷ്, 220 ഗ്രാം ചരസ്, രണ്ടര കിലോ കഞ്ചാവ് എന്നിവയായി 2019 ജൂണ് 22 നാണു ജോര്ജുകുട്ടി പിടിയിലായത്. വ്യാജ നമ്പര്പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തില് ആന്ധ്രയില്നിന്നു കേരളത്തിലേക്കു കൊണ്ടു വരുമ്പോള് കോവളം ബൈപ്പാസിനു സമീപം തുപ്പണത്തുകാവ് ക്ഷേത്രത്തിന്റെ മുമ്പില് വച്ചാണ് ഇയാൾ പിടിയിലായത്.
സ്റ്റേറ്റ് സ്ക്വാഡ് തലവനും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായിരുന്ന ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലവില് മറ്റൊരു മയക്കുമരുന്നു കേസില് തവന്നൂര് സെന്ട്രല് ജയിലില് പത്തു വര്ഷം ശിക്ഷ അനുഭവിച്ചു വരുകയാണ് പ്രതി.
കാറിൽ അറ
മയക്കുമരുന്നു കച്ചവടത്തിനായി എറണാകുളത്തുനിന്ന് ഒരു കാര് വാങ്ങിയ ജോര്ജുകുട്ടി സ്ക്രാപ്പിനു വിറ്റ മറ്റൊരു കാറിന്റെ ആര്സി ബുക്കും നമ്പര് പ്ലേറ്റും സംഘടിപ്പിച്ചു വാങ്ങിയ കാറില് ഫിറ്റ് ചെയ്തു. ഈ കാര് തേനിയില് കൊണ്ടുപോയി കാറിനടിയില് രഹസ്യ അറ നിര്മിച്ചു. ഈ കാര് ഉപയോഗിച്ചു വന്തോതില് മയക്കുമരുന്നു കടത്തുന്നതിനിടെ സ്റ്റേറ്റ് എക്സൈസ് എന്ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ കൈയില് അകപ്പെടുകയായിരുന്നു. തുടര്ന്ന് തെളിവെടുപ്പിന് അന്വേഷണ സംഘം ബംഗളൂരുവില് എത്തിച്ച പ്രതി അന്വേഷണ സംഘത്തെ വെട്ടിച്ചു കടന്നു.
ഒാഫീസറെ വെടിവച്ചു
ഇരുപത്തിയാറാം ദിവസം മലപ്പുറം വണ്ടൂരിലെ ഭാര്യാവീട്ടില്നിന്നു പിടികൂടുന്നതിനിടെ ഉദ്യോഗസ്ഥരെ വെടിവച്ചു രക്ഷപ്പെടാന് ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. എക്സൈസ് റേഞ്ച് ഒാഫീസർ മനോജിനാണ് വെടിയേറ്റത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇന്നു പ്രതിയെ പിടികൂടിയത്.
ഇയാളില്നിന്ന് ഒരു കിലോ ഹാഷിഷ് കണ്ടെടുത്ത കേസില് മഞ്ചേരി കോടതി 10 വര്ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷിച്ചിരുന്നു. കസ്റ്റഡിയില്നിന്നു രക്ഷപ്പെട്ട കേസില് ബംഗളൂരു കോടതി ആറു മാസം തടവും 25,000 പിഴയും ശിക്ഷിച്ചു.
അസിസ്റ്റന്റ് കമ്മീഷണര് എ.ആര്. സുല്ഫിക്കര് പ്രാഥമിക അന്വേഷണം നടത്തിയ കേസില് അസിസ്റ്റന്റ് കമ്മീഷണര് എ.എസ്. ബിനു അന്വേഷണം പൂര്ത്തിയാക്കി കുറ്റപത്രം സമര്പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല് പ്രോസിക്യൂട്ടര് മനീഷ് ഹാജരായി.
Kerala
അട്ടപ്പാടി: പുതുവത്സര വിപണി ലക്ഷ്യമിട്ട് തയാറാക്കിയ 43 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിൽ. അഗളി സ്വദേശികളായ അടിമാലി ജോയി, മങ്ങാടൻകണ്ടി ജയൻ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
അഗളി മൂച്ചിക്കടവിൽ വീടിനോട് ചേർന്നുള്ള ഹോട്ടൽ എന്നെഴുതിയ താത്കാലിക കെട്ടിടത്തിനുള്ളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ചാരായവുമായി പ്രതികൾ പിടിയിലായത്.
ചാരായ വിൽപന നടത്താൻ ഉപയോഗിച്ച ഗുഡ്സ് ഓട്ടോയും എക്സൈസ് കസ്റ്റഡിയിലെടുത്തു. അടിമാലി ജോയി നിരവധി ചാരായ കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
സുല്ത്താന് ബത്തേരി: സംസ്ഥാനത്തേക്ക് വൻതോതിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. മുത്തങ്ങ തകരപ്പാടിയിലെ എക്സൈസ് ചെക്പോസ്റ്റില് നടത്തിയ വാഹന പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
പാലക്കാട് പൊല്പ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടില് വി. രമേശ് (47) ആണ് എക്സൈസിന്റെ പിടിയിലായത്. 4205.520 കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് ഇയാൾ ലോറിയിൽ കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് അറിയിച്ചു.
ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇന്സ്പെക്ടര് സന്ഫീര് മുഹമ്മദിന്റെ നേതൃത്വത്തില് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
Kerala
ഉദുമ: കാസർഗോഡ് എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ കുടിവെള്ളത്തിൽ എംഡിഎംഎ കലർത്തിയ മൂന്ന് യുവാക്കൾ പിടിയിൽ. കെ. അബ്ബാസ് അറഫാത്ത്, മുഹമ്മദ് അമീൻ, ടി.എം. ഫൈസൽ എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി പള്ളിക്കര കല്ലിങ്കാലിലാണ് സംഭവം. ഫൈസലിന്റെ പള്ളിക്കര കല്ലിങ്കാലിലെ സ്ഥാപനത്തിലായിരുന്നു പരിശോധന. പ്രതികളിൽ നിന്ന് കാറിൽ സൂക്ഷിച്ച നിലയിൽ 4.813 ഗ്രാം എംഡിഎംഎയും ലഹരിവസ്തു കലർത്തിയ 618 ഗ്രാം വെള്ളവും എക്സൈസ് കണ്ടെടുത്തു.
ഫൈസലിന്റെ സ്ഥാപനം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടക്കുന്നതായി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് സംഘം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
ഇടുക്കി: അടിമാലിയിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 380 ഗ്രാം കഞ്ചാവ് പ്രതികളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.
ചാറ്റുപാറ സ്വദേശി അഖിലേഷ്, കളരിക്കൽക്കുടി സ്വദേശി അഭിനവ്, കുത്തുപാറ സ്വദേശി ആൽവിൻ എന്നിവരാണ് പിടിയിലായത്. പ്രതികൾ അടിമാലി, വെള്ളത്തൂവൽ പ്രദേശങ്ങളിൽ സ്ഥിരമായി കഞ്ചാവ് വിൽക്കുന്നവരാണെന്ന് എക്സൈസ് അറിയിച്ചു.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ എക്സൈസ് പരിശോധനയിൽ കുഴിച്ചിട്ട നിലയിൽ അഞ്ച് ബാരൽ വാഷ് കണ്ടെത്തി. പെരുവണ്ണാമൂഴി ഡാമിന് സമീപത്താണ് ചാരായ നിര്മാണത്തിനായുള്ള വാഷ് കണ്ടെത്തിയത്.
ഡാം റിസര്വോയറിന് സമീപം ഉടമസ്ഥനില്ലാതെ കിടന്നിരുന്ന അഞ്ച് ബാരലുകളിലായിരുന്നു വാഷ്. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ സ്പെഷ്യല് ഡ്രൈവിലാണ് പേരാമ്പ്ര എക്സൈസ് സര്ക്കിളിലെ ഉദ്യോഗസ്ഥര് ഇവ കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് ക്ഷേത്രത്തിനുള്ളിൽ വിൽപനയ്ക്കായി മദ്യം സൂക്ഷിച്ചിരുന്നയാൾ പിടിയിൽ. നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനൻ ആണ് എക്സൈസ് പിടിയിലായത്.
കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കുമിടയിലാണ് പ്രതി മദ്യം സൂക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് ഓഫീസിൽ നിന്നും നടത്തിയ പരിശോധനയിലാണ് 30 ലിറ്റർ മദ്യം പിടികൂടിയത്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻതോതിൽ മദ്യം ശേഖരിച്ചിരുന്ന ഇയാൾ ആവശ്യക്കാർക്ക് എത്തിച്ചിരുന്നതായാണ് എക്സൈസ് കണ്ടെത്തൽ.